This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അലക്ഷ്യഗതി (അനുകുഞ്ചനചലനം)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അലക്ഷ്യഗതി (അനുകുഞ്ചനചലനം)

Nastic movement


പ്രേരകശക്തിയുടെ ലക്ഷ്യത്തില്‍നിന്നു വ്യതിചലിച്ചും ചിലപ്പോള്‍ അതിനെതിരായിത്തന്നെയും സസ്യഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ചലനഗതി. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് പ്രകാശം, സ്പര്‍ശനം മുതലായ ബാഹ്യഘടകങ്ങളുടെ പ്രതികരണം മൂലമുണ്ടാകുന്ന ചലനങ്ങളാണ്. പ്രേരകശക്തിയുടെ സ്വഭാവത്തെ ആസ്പദമാക്കി ഫോട്ടോനാസ്റ്റി (photonasty), തെര്‍മോനാസ്റ്റി (Thermonasty), തിഗ്മോനാസ്റ്റി (Thigmonasty) എന്നിങ്ങനെ പറയാറുണ്ട്. പകലിനും രാത്രിക്കും ഇടയ്ക്കുള്ള പ്രകാശത്തിന്റെയോ ഊഷ്മാവിന്റെയോ വ്യതിയാനങ്ങള്‍ സസ്യാവയവങ്ങളില്‍ പലതരം ചലനങ്ങള്‍ക്കു കാരണമായിത്തീരുന്നു; പ്രത്യേകിച്ച് ഇലകളുടെയും പുഷ്പഭാഗങ്ങളുടെയും ചലനങ്ങള്‍ക്ക്. ആമ്പല്‍, താമര മുതലായ ചെടികളുടെ പുഷ്പങ്ങള്‍ പകല്‍സമയം ഭാഗികമായോ പൂര്‍ണമായോ വിടര്‍ന്നുനില്ക്കുകയും രാത്രികാലങ്ങളില്‍ കൂമ്പിനില്ക്കുകയും ചെയ്യുന്നതായി കണ്ടുവരുന്നത് ഇതിന് ഉദാഹരണമാണ്. എന്നാല്‍ പാല, പാരിജാതം, കുടമുല്ല, പവിഴമല്ലി മുതലായവ രാത്രിയില്‍മാത്രം വിടര്‍ന്നിരിക്കുകയും പകല്‍സമയം കൂമ്പിനില്ക്കുകയുമാണു പതിവ്.

ഇലകളിലുണ്ടാകുന്ന അലക്ഷ്യഗതിയില്‍ പ്രധാനം ചില സസ്യങ്ങളില്‍കാണുന്ന നിദ്രാചലനമാണ്. പയര്‍വര്‍ഗത്തില്‍പ്പെട്ട പല ചെടികളും ജിറാനിയേസീ വര്‍ഗത്തില്‍പ്പെട്ട സസ്യങ്ങളും (ഉദാ. ദശപുഷ്പം) പകല്‍സമയം ഇലപരത്തി വിടര്‍ന്നുനില്ക്കുന്നതും സന്ധ്യാസമയം തുടങ്ങി രാത്രി മുഴുവനും ഇലകള്‍ അടച്ചു താഴോട്ടു തൂങ്ങിക്കിടക്കുന്നതും കാണാം. മറ്റു ചില ചെടികളില്‍ രാത്രികാലത്ത് ഇലകള്‍ കൂമ്പി, കാണ്ഡത്തോടു ചേര്‍ന്ന് അടഞ്ഞിരിക്കുന്നതും നിദ്രാചലനത്തിന് ഉദാഹരണങ്ങളാണ്. ഇലകള്‍ ഇപ്രകാരം കൂമ്പുന്നതിനുള്ള പ്രേരകശക്തി പ്രകാശത്തിന്റെ അഭാവമാണ്. എന്നാല്‍ ചില പുഷ്പങ്ങള്‍ കൂമ്പുന്നത് ഊഷ്മാവിന്റെ ഏറ്റക്കുറച്ചില്‍ മൂലമാണെന്നാണ് മനസ്സിലാക്കിയിട്ടുള്ളത്. രണ്ടായാലും ചലനം നടക്കുന്ന മാര്‍ഗം ഇലയുടെയോ ഇതളിന്റെയോ അകമെയും പുറമെയുമുള്ള കോശങ്ങളുടെ വളര്‍ച്ചയില്‍ വരുന്ന ഏറ്റക്കുറച്ചില്‍മൂലമോ അല്ലെങ്കില്‍ അകമെയും പുറമെയും ഉള്ള കോശങ്ങളുടെ സ്ഥൂലിതാവസ്ഥയുടെ വ്യത്യാസംമൂലമോ ആയിരിക്കാം.

സ്പര്‍ശനംകൊണ്ടുണ്ടാകുന്ന ചലനത്തിനു തൊട്ടാവാടിച്ചെടി നല്ല ഉദാഹരണമാണ്. തൊട്ടാവാടിച്ചെടിയില്‍ സ്പര്‍ശനംമൂലമുണ്ടാകുന്ന പ്രതിചലനം പെട്ടെന്നാണ് നടക്കുന്നത്. എന്നാല്‍ ചലനത്തിന്റെ ഏറ്റക്കുറവ് പല ഘട്ടങ്ങളെ ആസ്പദമാക്കിയായിരിക്കും ഉണ്ടാവുന്നത്. പ്രേരകശക്തിയുടെ അളവിലുള്ള കൂടുതല്‍കുറവ്, ചെടിയുടെ പ്രായം, മുന്‍പ് നടന്ന ചലനത്തിനുശേഷമുള്ള ഇടനേരത്തിന്റെ ദൈര്‍ഘ്യം എന്നിവ പ്രധാനമാണ്. ഇലഞെട്ടിലെ കോശങ്ങളുടെ വീക്കത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലിനെ മാത്രമാശ്രയിച്ചാണ് ചലനം നടക്കുന്നതെന്നു ചിലര്‍ അനുമാനിച്ചിട്ടുണ്ട്. ഞെട്ട് ധാരാളം പാരന്‍കൈമാകോശങ്ങളാല്‍ പൊതിയപ്പെട്ടിരിക്കുന്നു. അതോടൊപ്പം ഉള്ളില്‍ കറയെ വഹിച്ചുകൊണ്ടുപോകുന്ന സ്കൈലം കുഴലുകളും ഞെട്ടിന്റെ ഒരു പ്രധാന ഘടകമാണ്. പാരന്‍കൈമാകോശങ്ങള്‍ നീരുനിറഞ്ഞ് വീങ്ങിയിരിക്കുമ്പോള്‍ ഇല നിവര്‍ന്നുനില്ക്കുന്നു. ഇല സ്പര്‍ശനംമൂലം പ്രചോദിക്കപ്പെടുന്ന അവസരത്തില്‍ പാരന്‍കൈമാകോശങ്ങളിലുള്ള നീര് വാര്‍ന്നു കോശങ്ങളുടെ ഇടയിലുള്ള സ്ഥലങ്ങളിലേക്കു നീങ്ങുകയും തദ്വാരാ കോശങ്ങളുടെ വീക്കസ്ഥിതിയില്‍ ഇടിവു തട്ടുകയും ചെയ്യുന്നു. ഇതിനാലാണ് ഇലത്തണ്ട് താഴോട്ടുവീണുപോകുന്നത്. ഇപ്രകാരമുണ്ടാകുന്ന ചലനത്തിനുശേഷം ക്രമേണ വെള്ളം പാരന്‍കൈമാകോശത്തില്‍ പ്രവേശിച്ച് കോശങ്ങള്‍ വീണ്ടും വീക്കം പ്രാപിക്കുന്നതിനാലാണ് ഇല വീണ്ടും സാവധാനം നിവരുന്നത്. ഇലഞെട്ടിലെ പാരന്‍കൈമാകോശങ്ങളുടെ വീക്കത്തില്‍ സ്പര്‍ശനംമൂലം പെട്ടെന്നുണ്ടാകുന്ന വ്യതിയാനം ഏതു മാര്‍ഗത്തിലൂടെയാണെന്നു തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല.

(ഡോ. കെ. ജോര്‍ജ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍